Thursday, July 12, 2012

കീബോര്‍ഡ്‌ തൂലികകളില്‍ വിരിയുന്ന ‘ന്യൂ ജനറേഷന്‍’ എഴുത്തുകള്‍!


കീബോര്‍ഡ്‌ തൂലികകളില്‍ വിരിയുന്ന ‘ന്യൂ ജനറേഷന്‍’ എഴുത്തുകള്‍!

നല്ല നാടന്‍ കള്ളും മോന്തി കപ്പയും പോത്തും വലിച്ചു വാരി തിന്ന് നീട്ടത്തില്‍ ഒരു ഏമ്പക്കവും വിട്ടു ചീട്ടും കളിച്ചു നടന്നിരുന്ന മലയാളി പയ്യന്മാരൊക്കെ ഇന്ന് മറുനാട്ടില്‍ കമ്പ്യൂട്ടര്‍ രാക്ഷസന്റെ മുന്പില്‍ ആണ്! തെറിയും തെമ്മാടിത്തരവും, അശ്ലിലവും മാത്രം പറഞ്ഞു ശീലിച്ച ആ ചുണ്ടുകളില്‍ വിരിയുന്നതോ ബ്ലോഗ് എഴുത്തും, ആധികാരിക ലേഖനങ്ങളും !
‘ന്യൂ ജനറേഷന്‍’ ബ്ലോഗുകള്‍ എന്ന ചെല്ലപ്പേരിട്ടു വിളിക്കുന്നതും, ഫേസ് ബുക്ക്, ട്വിറ്റെര്‍ മുതലായ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സജീവ ചര്‍ച്ചകളില്‍ ചൂടന്‍ പ്രയോഗങ്ങള്‍ വിളമ്പി ‘Like’ വാങ്ങി കൂട്ടുന്നവരും, ‘പൊതു പ്രവര്‍ത്തനം സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ ‘എന്ന ആശയം മുന്‍നിര്‍ത്തി ആഘോരാത്രം പണിയെടുക്കുന്നവരുമൊക്കെ ഉള്‍പെടെ ഉള്ള ആധുനിക യുവത്വം ‘കീ ബോര്ഡ്’ തൂലിക പടവാളാക്കി പൊരുതുകയാണ്.
പുതിയ സിനിമയുടെ ക്ലൈമാക്‌സിന്റെ യുക്തിയും, കഴിഞ്ഞ തെരഞ്ഞെടുപിലെ സ്ഥാനാര്‍ഥിയുടെ തോല്‍വിയുടെ കാരണവും എന്ന് തുടങ്ങി സന്തോഷ് പണ്ഡിറ്റ് നടത്തിയ കൊട്ടിന്റെ കളര്‍ വരെ ചര്‍ച്ച വിഷയങ്ങള്‍ ആകുമ്പോള്‍ വായന മരിക്കുന്നു എന്ന് പറഞ്ഞു കരഞ്ഞു നടന്ന അപ്പുപ്പന്മാര്‍ ജീവനോടെ ഉണ്ടോ ആവൊ?
രാഷ്ട്രീയം, മതം, വിനോദം ഇങ്ങനെ എഴുതാന്‍ മൂള ഉള്ളവര്‍ക്കായി തുറന്നിട്ടിരിക്കുന്നു ഇ നെറ്റ് ലോകം. ന്യൂ ജനറേഷന്‍ സാഹിത്യത്തിന്റെ പ്രധാന സവിശേഷത അത് വായനക്കാരന്റെ ക്ഷമയെ പരീക്ഷിക്കുന്നില്ല എന്നതാണ്. ഓരോ വരിയിലും ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരല്‍പം അതിശയോക്തിയും, വക്രതയും വായനക്കാരനെ പിടിച്ചു നിര്‍ത്താന്‍ പോന്നതാണു. ഇത്തരം വക്രതാ സാഹിത്യ ഘടന ഒരുപക്ഷെ ചില യാഥാസ്ഥിക ചിന്തകര്‍ക്കെങ്കിലും കല്ല് കടി ഉണ്ടാക്കാം. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ അവകാശം ഇല്ലല്ലോ!

ലൈബ്രറിയില്‍ നിന്നും എടുക്കുന്ന പുസ്തകം അല്ലെങ്കില്‍ ലേഖനം എന്ത് കീറാ മുട്ടി ആണെങ്കിലും വായിച്ചു തീര്‍ക്കാന്‍ ഇന്നാരും മെനക്കെടാറില്ല. ചാരുകസേരയില്‍ ഇരുന്നു കഥാ സമാഹാരം പത്താവര്‍ത്തി വായിച്ചു സമയം കൊല്ലുന്ന കഥാപാത്രങ്ങള്‍ ഇന്ന് ഓര്‍മയില്‍ മാത്രം. കഥ മാറി! ഇന്ന് ആദ്യ വരികളില്‍ തന്നെ വായനകാരന്റെ തലയിലേക്ക് നുഴഞ്ഞു കയറുന്ന ഒരു ലഹരി വിതറിയില്ലെങ്ങില്‍ ഒന്നോ രണ്ടോ ക്ലിക്ക്കള്‍ക് അപ്പുറം ഉള്ള മറ്റൊരു ലേഖനത്തിലേക്ക് അല്ലെങ്കില്‍ വീഡിയോയിലേക്ക് അവര്‍ വഴുതി മാറുന്നു. ഇത് മനസ്സില്‍ വച്ചാണു അല്പം ഒന്ന് വളച്ച് ഓടിച്ചിട്ട് ആണെങ്കിലും ഓരോ എഴുത്ത്കാരനും എഴുതുന്നത്.
വാക്കുകളുടെ കുത്തൊഴുക്കില്‍ അക്ഷോഭ്യന്‍ ആയി കേവലം ഒരു കഴ്ച്ചക്കാരന്റെ റോളിലേക് ഒതുങ്ങി കൂടാന്‍ ഒന്നും ഇന്ന് ആളില്ല, എന്ത് കണ്ടാലും എന്തെങ്കിലും ഒരു കമന്റ് കുത്തി കുറിക്കുവാന്‍ നമ്മളെ പഠിപ്പിച്ച ഫേസ് ബുക്ക് പിതാവിന് നന്ദി! പലപ്പോഴും ഇത്തരം കമന്റുകളുടെ പിന്നില്‍ ഉള്ള ചേതോവികാരം എന്താണെന്നു എഴുതുന്നവനും അറിയില്ല വയിക്കുന്നവനും അറിയില്ല എന്ന് മാത്രം!
ആകാശത്തിനു കീഴെയുള്ളതും, അതിനു മുകളില്‍ ഉള്ളതും, ഇല്ലാത്തതും അയ എന്ത് കാര്യങ്ങളും ചര്‍ച്ചക്ക് വഴി വയ്കാം, ആര്‍ക്കും വാദിക്കാം, എങ്ങനെയും നേരിടാം, ആക്രമിക്കാം പക്ഷെ അതിര് കടക്കാതെ ഇരുന്നാല്‍ നന്ന് ! പലപ്പോഴും യുക്തിയല്ല പ്രാധാന്യം ! വാക്കുകളുടെ ശക്തിക്കാണ്! പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം നിസ്സാരം ആയികൊള്ളട്ടെ, ദൃഡം ആയി, വാക്കുകളുടെ ഉപയോഗിക്കുന്നതില്‍ സങ്കോചം ഇല്ലാതെ ഉച്ചത്തില്‍ പറയുന്നവന്‍ അവിടെ പ്രധാനി ആകുന്നു. ‘ന്യൂ ജനറേഷന്‍’ ചര്‍ച്ചകളുടെ പ്രധാന പോരായ്മയും അവിടെയാണ്. പക്ഷെ വാക്കുകള്‍ കൊണ്ട് അമ്മാനം ആടുമ്പോള്‍ കാലിക പ്രസക്തി അവിടെ അളവുകോല്‍ ആവുന്നില്ല എന്നത് മിഥ്യാ ധാരണ. ആനുകലികമായ ചര്‍ച്ചാ വിഷയങ്ങള്‍ക്ക് ആണ് ചൂടും ചൊരുക്കും,അല്ലാത്തവ കൂട്ടത്തില്‍ ഒറ്റപ്പെടുന്നു.ആളില്ലാതെ, എവിടെയും എത്താതെ വഴി തെറ്റുന്നു.
‘ന്യൂ ജനറേഷന്‍’ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല എന്നത് സത്യം, പകലും രാത്രിയും ഇല്ല ! വേറെ യാതൊരു പണിയില്ലാത്ത ‘ഓണ്‍ലൈന്‍ പുഴുകള്‍’ തുടങ്ങി ഒട്ടനേകം തിരക്കുകള്‍ മാറ്റി വച്ച് വരെ എഴുതുന്നവര്‍, തുടര്‍ച്ചയായി എഴുതുന്ന പ്രശസ്തര്‍, പേര് വെളിപ്പെടുത്താതെ എഴുതുന്ന ഒളി പോരാളികള്‍ അങ്ങനെ ഒത്തിരി മുഖങ്ങള്‍.
കഴിഞ്ഞ നൂറ്റാണ്ടില്‍ വിപ്ലവം കടലാസ്സില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ആണെന്ന് മാത്രം ! കൂട്ടത്തില്‍ അല്പം തീവ്ര മുഖം ഉള്ള എഴുത്ത്കാരെയും കാണാം. ആഗ്രഹം നിലനില്‍ക്കും വരെ എഴുത്ത് തുടരാന്‍ കഴിയട്ടെ, വാക്കുകള്‍ മുറിയാതെ എഴുതാന്‍ ശക്തി ഉണ്ടാകട്ടെ, വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കാതെ എഴുതുവാന്‍ ശ്രദ്ധ ഉണ്ടാകട്ടെ, ഓരോരുത്തര്‍ക്കും. അവനവന്റെ രാഷ്ട്രീയത്തില്‍ ശക്തമായി എഴുതാന്‍ കഴിയട്ടെ, സ്വയം രൂപപെടുത്തിയ പ്രത്യയ ശാസ്ത്രത്തില്‍നിന്നും വ്യതി ചലിക്കാതെ എഴുത്തിലൂടെ മുന്നേറാന്‍ കഴിയട്ടെ എന്നിങ്ങനെ ആശംസിക്കുന്നു .
മരിക്കാത്ത വായനക്കായി, മരിക്കാത്ത വാക്കുകള്‍ പിറക്കട്ടെ നിങ്ങളുടെ തൂലികയില്‍ നിന്നും !

No comments:

Post a Comment